തിരുവനന്തപുരം: നീതി ലഭിക്കാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനുമുള്ള പോരാട്ടം തുടർന്നു കൊണ്ടിരിക്കുമെന്ന് ആക്രമിക്കപ്പെട്ട നടി. തനിക്കൊപ്പം നിന്ന എല്ലാവർക്കും നടി നന്ദി അറിയിക്കുകയും ചെയ്തു. സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് നടി കേസുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതൊരു എളുപ്പമുള്ള യാത്ര ആയിരുന്നില്ലെന്നും അഞ്ച് വർഷമായി തന്റെ പേരും വ്യക്തിത്വവും തനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്ന് നടി പറഞ്ഞു.
കുറ്റം ചെയ്തത് താൻ അല്ലെങ്കിലും തന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും വേണ്ടി മുന്നോട്ട് വന്നു. ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് താൻ തിരിച്ചറിയുന്നുവെന്നും നടി വ്യക്തമാക്കി. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും താൻ ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി നടി രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത. അതേസമയം കേസിൽ പൾസർ സുനിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച്ച കോടതിയിൽ അപേക്ഷ നൽകും.
നടിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇതൊരു എളുപ്പമുള്ള യാത്ര ആയിരുന്നില്ല, അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേ?ദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ.ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേ ഇരിക്കും.കൂടെ നിൽക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.

