കെ-റെയില്‍: ‘പദ്ധതിയുമായി മുന്നോട്ട് പോകാതിരിക്കുന്നതാണ് കേരളത്തിന് നല്ലത്’: മാധവ് ഗാഡ്ഗില്‍

കൊച്ചി: കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാതിരിക്കുന്നതാണ് കേരളത്തിന് നല്ലതെന്ന് മാധവ് ഗാഡ്ഗില്‍.

സാധാരണക്കാരുടെ ചിലവിലും പരിസ്ഥിതിയെ അപകടാവസ്ഥയിലേക്ക് തള്ളി വിട്ടുമാണ് ഈ പദ്ധതി നടപ്പാവുന്നത്. പാറയും എംസാന്‍ഡും ഉള്‍പ്പെടെ വലിയ അളവില്‍ അസംസ്‌കൃത വസ്തുക്കള്‍ ഇതിന്റെ നിര്‍മ്മാണത്തിനായി ആവശ്യമായി വരും. രാജ്യം മെഗാ പ്രോജക്ടുകള്‍ക്ക് പോകുന്നതിന് മുമ്പ് ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും നിക്ഷേപം നടത്തണം. ഇത്തരം വന്‍കിട പദ്ധതികള്‍ ജലസ്രോതസുകളുടെ പരിപാലനത്തെ ബാധിക്കും. 2018ലെയും 2019ലെയും വെള്ളപ്പൊക്കത്തില്‍നിന്ന് കേരളം പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.

കൊച്ചിന്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച എ.പി.ജെ. അബ്ദുള്‍ കലാം അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.