ചെന്നെ വീണു; വിജയക്കൊടി പാറിച്ച് എഫ്‌സി ഗോവ

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് മുട്ടുകുത്തിച്ച് എഫ് സി ഗോവ. കളിയുടെ 82-ാം മിനിറ്റില്‍ ജോര്‍ജെ ഓര്‍ട്ടിസാണ് ഗോവയുടെ വിജയഗോള്‍ നേടിയത്.

കളിയുടെ തുടക്കം മുതല്‍ ജോര്‍ജെ ഓര്‍ട്ടിസിലൂടെ ഗോവയാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. എന്നാല്‍, ആദ്യ പകുതിയില്‍ ലഭിച്ച അര്‍ധാവസരങ്ങള്‍ ഓര്‍ട്ടിസിന് മുതലാക്കാനായില്ല. ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജൂാദാറിന്റെ മിന്നല്‍ സേവുകളും ഗോവക്ക് ഗോള്‍ നിഷേധിച്ചു.

രണ്ടാം പകുതിയിലും ഗോവ ഗോള്‍ശ്രമം തുടര്‍ന്നു. എഡു ബഡിയ പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും ഫിനിഷ് ചെയ്യാനായില്ല. 67-ാം മിനിറ്റില്‍ ജോര്‍ജെ ഓര്‍ട്ടിസിന്റെ ഗോളെന്നുറച്ച ഷോട്ട് ചെന്നൈ ഗോള്‍ കീപ്പര്‍ ദേബ്ജിത് രക്ഷപ്പെടുത്തി. എന്നാല്‍ 82-ാം മിനിറ്റില്‍ ഗോവ കാത്തിരുന്ന നിമിഷമെത്തി. ഐറാം കാര്‍ബ്രെറയുടെ പാസില്‍ നിന്ന് ബോക്‌സിന് പുറത്തു നിന്ന് ഓര്‍ട്ടിസ് തൊടുത്ത ലോംഗ് റേഞ്ചര്‍ ചെന്നൈ ഗോള്‍ പോസ്റ്റിന്റെ വലതുമൂലയില്‍ പറന്നിറങ്ങി.