പാലക്കാട്: സംസ്ഥാനത്ത് പൂര്‍ണ്ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കുമെന്നതിനാല്‍ സമ്പൂര്‍ണ ലോക്ഡൗണിനെ കുറിച്ചാലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഒമിക്രോണ്‍ വ്യാപനം കൂടുതലായതിനാലാണ് സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആരോഗ്യ വകുപ്പ് ആസ്ഥാനത്തെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ വളരെ പഴയ ഫയലുകളാണ് കാണാതായതെന്ന് വീണാ ജോര്‍ജ് വിശദീകരണം നല്‍കി. കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആരോഗ്യ വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും വകുപ്പ് തന്നെയാണ് ഫയലുകള്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഇപ്പോള്‍ ധനവകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

