ബിഗ് സല്യൂട്ട്! കേരള പോലീസില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിനെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള ശുപാര്‍ശ സര്‍ക്കാര്‍ എ.ഡി.ജി.പിക്ക് കൈമാറി. സേനയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

പരിശീലനത്തിന്റെ ചുമതലയുള്ള എ.പി ബറ്റാലിയനോടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അഭിപ്രായം തേടും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയില്‍ കൊണ്ടുവന്നാല്‍ എങ്ങനെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക. എങ്ങനെയാണ് റിക്രൂട്ട് ചെയ്യുക പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എപ്രകാരമായിരിക്കണം എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം തേടിയിരിക്കുന്നത്. കൂടാതെ ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാന്‍ എ.ഡി.ജി.പി, പരിശീലന ചുമതലയുള്ള എ.പി ബറ്റാലിയന്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശേഷം എ.ഡി.ജി.പി ഇന്റലിജന്‍സ് മുഴുവന്‍ അഭിപ്രായങ്ങളും സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിക്കും. സംസ്ഥാന പോലീസ് മേധാവിയായിരിക്കും തുടര്‍ന്ന് പോലീസ് സേനയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നിയമിക്കണമോ, ഏത് നിലയില്‍ നിയമിക്കണം എന്നീ കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കുക.