തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടവും, കേരള നോളജ് എക്കോണമി മിഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സും (കെയ്സ്) സംയുക്തമായി ചേര്‍ന്നാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലേറെ സ്ഥാപനങ്ങള്‍ രണ്ട് മേളകളിലുമായി പങ്കെടുക്കുന്നുണ്ട്. നേരിട്ടും ഓണ്‍ലൈനായുമായിരിക്കും അഭിമുഖം ഉണ്ടാവുക.
രജിസ്റ്റര്‍ ചെയ്യുന്നവരുടെ യോഗ്യതക്കും അഭിരുചിക്കും അനുസൃതമായി കമ്പനികള്‍ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്താണ് അഭിമുഖത്തിന് അവസരം നല്‍കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ പരിശീലനം നല്‍കും. ആദ്യ തൊഴില്‍ മേളയില്‍ തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി അവരെ തൊഴില്‍ സജ്ജരാക്കാനുള്ള പദ്ധതികളും കേരള നോളജ് എക്കോണമി മിഷന്‍ നടപ്പിലാക്കും. 18 വയസ്സ് പ്രായമുള്ളവരും പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
ജനുവരി 18ന് തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലാണ് ആദ്യ തൊഴില്‍ മേള. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറു മണി വരെ നടക്കുന്ന തൊഴില്‍ മേളയിലേക്കുള്ള രജിസ്ട്രേഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. knowledgemission.kerala.gov.in എന്ന വെബ്സൈറ്റ് വഴി തൊഴിലുടമകള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഫെബ്രുവരി 12, 13 തിയ്യതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി www.statejobportal.kerala.gov.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിലേക്കുള്ള തൊഴില്‍ ദാതാക്കളുടെ രജിസ്ട്രേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്കായുള്ള രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കും.

