കഥാന്ത്യം നാടകീയം; ഇഞ്ചുറി ടൈമില്‍ വിജയഗോള്‍ നേടി ജംഷഡ്പൂര്‍ എഫ്‌സി

ബംബോലിം: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അടിയറവ് പറയിച്ച് ജംഷഡ്പൂര്‍ എഫ്സി. ഇഞ്ചുറി ടൈം തീരാന്‍ ഒരു മിനിറ്റ് ബാക്കിയിരിക്കെ ഇഷാന്‍ പണ്ഡിതയിലൂടെ വിജയഗോള്‍ നേടിയാണ് ജംഷഡ്പൂര്‍ ജയം കരസ്ഥമാക്കിയത്. നോര്‍ത്ത് ഈസ്റ്റിനായി ഡെഷാം ബ്രൗണ്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ ജോര്‍ദാന്‍ മറിയും ബോറിസ് സിംഗും ഇഷാന്‍ പണ്ഡിതയുമാണ് ജംഷഡ്പൂരിനായി സ്‌കോര്‍ ചെയ്തത്.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഡെഷോം ബ്രൗണിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം ലീഡെടുത്തത്. മലയാളി താരം വി പി സുഹൈറിന്റെ പാസില്‍ നിന്നായിരുന്നു ഡെഷോം ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചത്. പിന്നീട് സമനില ഗോളിനായി ജംഷഡ്പൂരിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും സാധിച്ചില്ല. 43-ാം ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ തകര്‍പ്പന്‍ ഷോട്ട് അവിശ്വസനീയമായി രക്ഷപ്പെടുത്തിയ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ മിര്‍ഷാദ് മിച്ചു ടീമിന്റെ രക്ഷകനായെങ്കിലും ആശ്വാസം അധികം നീണ്ടില്ല. തൊട്ടടുത്ത നിമിഷം ഗ്രെഗ് സ്റ്റുവര്‍ട്ട് എടുത്ത ഫ്രീ കിക്കില്‍ നിന്ന് ജോര്‍ദാന്‍ മറി ജംഷഡ്പൂരിനെ ഒപ്പമെത്തിച്ചു.

56-ാം മിനിറ്റില്‍ സെമിന്‍ലൈന്‍ ഡംഗലിന്റെ പാസില്‍ നിന്ന് ജോര്‍ദാന്‍ മറി മറിച്ചു നല്‍കിയ പന്ത് വലയിലെത്തിച്ച് ബോറിസ് സിംഗ് ജംഷഡ്പൂരിന് സമനില സമ്മാനിച്ചു. എന്നാല്‍, 66-ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം ജോര്‍ദാന്‍ മറി നഷ്ടമാക്കി. ഒരു ഗോള്‍ ജയവുമായി ജംഷഡ്പൂര്‍ കളംവിടുമെന്ന് കരുതിയിരിക്കെ ഡെഷോം ബ്രൗണ്‍ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിക്കുകയായിരുന്നു. എന്നാല്‍, പകരക്കാരനായി എത്തിയ ഇഷാന്‍ പണ്ഡിതയിലൂടെ ജംഷഡ്പൂര്‍ വിജയ ഗോള്‍ നേടി.