തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. കെ – റെയിൽ പദ്ധതിയ്ക്കെതിരെ യുഡിഎഫ് ഉൾപ്പെടെ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന ഇ ശ്രീധരന്റെ പ്രസ്താവന സംസ്ഥാനത്തിന്റെ വികസനം മുടക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന പരസ്യ പ്രഖ്യാപനമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിൽ അതിവേഗ റെയിൽ ഇടനാഴി വേണമെന്ന് ശ്രീ. ഇ.ശ്രീധരൻ വാദിക്കുന്നത് സംബന്ധിച്ച വാർത്തകൾ ഗൂഗിളിൽ തിരഞ്ഞാൽ ഏതു കൊച്ചു കുട്ടിക്കും കിട്ടും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗ റെയിൽ ഇടനാഴി കേരളത്തിലെ സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെടുത്തുമെന്ന് പതിനാലാമത് എ കെ നായർ മെമ്മോറിയൽ പുരസ്കാരം ഏറ്റുവാങ്ങവെ ഇ ശ്രീധരൻ പറഞ്ഞത് ദ ഹിന്ദു 2011 നവംബർ 17 ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ അതിവേഗ റെയിൽ നെറ്റ്വർക്കിന്റെ കൺസൾട്ടന്റ് ആവാൻ ആഗ്രഹമുണ്ടെന്ന് ഇ ശ്രീധരൻ കോളേജ് വിദ്യാർത്ഥികളുമായി സംവദിക്കവെ പറഞ്ഞ കാര്യം 2016 ഫെബ്രുവരി 25 ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ ഇ ശ്രീധരൻ ആണ് തൊടുന്യായങ്ങൾ പറഞ്ഞ് കെ – റെയിൽ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

