കോട്ടയം: കെ റെയിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഭീമമായ ബാധ്യതയും ജനരോഷവും കണക്കിലെടുത്താണ് യുഡിഎഫ് സർക്കാർ കെ റെയിലിന് സമാനമായ അതിവേഗ പാത വേണ്ടെന്ന് വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ പദ്ധതിക്ക് 2 ലക്ഷം കോടി രൂപ ചെലവു വരുമ്പോൾ 20000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 1383 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന കെ റെയിലിനെതിരെ ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങൾക്കുമുള്ള പരിഹാരമാണ് സബർബൻ റെയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ബജറ്റിൽ കെ-റെയിലിനു സമാനമായ അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുകയും ഡിഎംആർസിയെ കസൾട്ടന്റായി നിയമിക്കുകയും ചെയ്തിരുന്നു.എന്നാൽ അവർ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു. കൃത്യമായ ബദൽ നിർദേശം മുന്നോട്ട് വെച്ചാണ് യുഡിഎഫ് കെ റെയിലിനെ എതിർക്കുന്നതെന്നും യുഡിഎഫ് സർക്കാർ തുടക്കമിട്ട സബർബൻ റെയിൽ പദ്ധതി നടപ്പാക്കാൻ 300 ഏക്കർ ഭൂമിയും 10,000 കോടി രൂപയും മതിയെന്നും അദ്ദേഹം പറഞ്ഞു. 127 കോടി രൂപയുടെ ഭീമമായ ബാധ്യതയും പദ്ധതിക്കെതിരെ ഉണ്ടായ ജനരോഷവും പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ പദ്ധതി വേണ്ടെന്ന് വെച്ചതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
1943 കോടി രൂപയ്ക്ക് ചെങ്ങൂർ വരെയുള്ള 125 കിമീ ആണ് പൈലറ്റ് പദ്ധതിയായി ആദ്യം എടുത്തത്. അതിന് 70 ഏക്കർ സ്ഥലം മതി. നിലവിലുള്ള ലൈനുകളിൽക്കൂടി മാത്രമാണ് സബർബൻ ഓടുന്നത്. ചെങ്ങന്നൂർ വരെ ഇരട്ടപ്പാത ഉണ്ടായിരുന്നതുകൊണ്ടും ശബരിമലയുടെ പ്രാധാന്യം ഉൾക്കൊണ്ടുമാണ് പൈലറ്റ് പദ്ധതി ഏറ്റെടുത്തത്. എല്ലാ അനുമതിയും ലഭിച്ചാൽ 3 വർഷം കൊണ്ട് പദ്ധതി നടപ്പാക്കാനാകും. നിലവിലുള്ള സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവർത്തുക, പ്ലാറ്റ്‌ഫോം പുതുക്കിപ്പണിയുക തുടങ്ങിയവയാണ് പ്രധാന ജോലികൾ. തുടർന്നാണ് ചെലവു കുറഞ്ഞതും അനായാസം നടപ്പാക്കാവുന്നതുമായ സബർബൻ പദ്ധതി പരിഗണിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
വിഎസ് സർക്കാരിന്റെ അതിവേഗ റെയിലും യുഡിഎഫ് സർക്കാരിന്റെ സബർബൻ റെയിലും ഒഴിവാക്കിയാണ് പിണറായി സർക്കാർ കെ റെയിലിന്റെ പിന്നാലെ പോയത്. വൻകിട പദ്ധതികൾക്കോ, വികസനത്തിനോ യുഡിഎഫ് ഒരിക്കലും എതിരല്ല. അതിന്റെ കുത്തകാവകാശം സിപിഎമ്മിനാണ്. മാറിയ പരിസ്ഥിതിയിൽ കേരളത്തെ തകർക്കുന്ന പദ്ധതി വരുകയും ബദൽ സാധ്യതകൾ തേടാതിരിക്കുകയും ചെയ്യുമ്പോൾ അതിനെ ജനങ്ങളോടൊപ്പം ചേർന്നു നിന്ന് പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

