വീഡിയോ ഗ്രൂപ്പ് കോള്‍ ലിമിറ്റ് വര്‍ധിപ്പിച്ച് മെസേജിങ് ആപ്ലിക്കേഷനായ സിഗ്നല്‍. ഇനി മുതല്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ 40 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ സാധിക്കും. എന്നാല്‍, പുറത്തു നിന്നൊരു സോഫ്റ്റ് വെയര്‍ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും ആശയവിനിമയം എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ തന്നെ ആയിരിക്കുമെന്നും സിഗ്‌നല്‍ വ്യക്തമാക്കി.
സിഗ്‌നലിന്റെ സ്വന്തം ഓപ്പണ്‍ സോഴ്സ് സിഗ്‌നല്‍ കോളിങ് സര്‍വീസ് സംവിധാനമാണ് ഇത്രയും പേരെ പങ്കെടുപ്പിച്ചുള്ള വീഡിയോ കോളിന് സൗകര്യമൊരുക്കുന്നത്. സെലക്ടീവ് ഫോര്‍വേഡിങ് യൂണിറ്റാണ് ഗ്രൂപ്പ് വീഡിയോ കോളിന് വേണ്ടി ഉപയോഗിക്കുന്നത്. ഇതുവഴിയുള്ള വീഡിയോ കൈമാറ്റം സുരക്ഷിതമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കോളില്‍ പങ്കെടുക്കുന്നവരുടെ ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങളും ശബ്ദവും ഒരേ സെര്‍വറിലേക്കാണ് പോവുക. ആ സെര്‍വറാണ് മറ്റുള്ളവര്‍ക്ക് ആ ദൃശ്യങ്ങള്‍ അയക്കുക. ഇതുവഴി വീഡിയോകോളില്‍ നിരവധി ആളുകളെ പങ്കെടുപ്പിക്കാനും ഒപ്പം എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഉറപ്പുവരുത്താനും സാധിക്കുമെന്നും സിഗ്‌നല്‍ പറയുന്നു.

