നിയമസഭാ തിരഞ്ഞെടുപ്പില്‍ കാലുവാരിയവര്‍ക്കെതിരെ നടപടിയുമായി കെപിസിസി

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നടപടിക്കൊരുങ്ങുകയാണ് കെപിസിസി അച്ചടക്ക സമിതി. സ്വന്തം സ്ഥാനാര്‍ഥികളെ തന്നെ തോല്‍പ്പിക്കാന്‍ ശ്രമം നടത്തിയെന്നടക്കമുള്ള ആരോപണങ്ങള്‍ പാര്‍ട്ടിയിലുണ്ടായിരുന്നു. ഇതില്‍ പഠനം നടത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്കസമിതിയാണ് നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നത്.

തിരഞ്ഞെടുപ്പ് തോല്‍വി പഠിച്ച അഞ്ച് മേഖലാ സമിതികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അച്ചടക്കസമിതി നടപടികളിലേക്ക് കടക്കുക. എന്നാല്‍, വീഴ്ച വരുത്തിയവര്‍ക്കെതിരെ എന്ത് നടപടിയാകും സ്വീകരിക്കുക എന്ന കാര്യത്തില്‍ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. വിജയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിലടക്കം അപ്രതീക്ഷിത തോല്‍വി നേരിട്ടതില്‍ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. സ്വന്തം സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പരസ്യമായും രഹസ്യമായും നീക്കം നടന്നുവെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതിയോട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, നടപടിക്ക് വിധേയമാകുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കില്‍ നേരിട്ട് അച്ചടക്ക സമിതിയെ സമീപിക്കാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.