തിരിച്ചടിച്ച് ആതിഥേയര്‍; രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് വമ്പന്‍ ജയം

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് 7 വിക്കറ്റിന് തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാക്കാന്‍ ദക്ഷിണാഫ്രിക്കക്കായി. 96 റണ്‍സ് എടുത്ത് പുറത്താവാതെ നിന്ന ഡീന്‍ എല്‍ഗറുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ ജയം എളുപ്പമാക്കിയത്.

രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാന്‍ 240 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക പേരുകേട്ട ഇന്ത്യന്‍ ബൗളിംഗ് നിരയെ സമര്‍ത്ഥമായി നേരിട്ടാണ് ജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ എയ്ഡന്‍ മാര്‍ക്രം 31 റണ്‍സും കീഗന്‍ പീറ്റേഴ്സണ്‍ 28 റണ്‍സുമെടുത്ത് പുറത്തായി. 23 റണ്‍സ് എടുത്ത ടെമ്പ ബാവുമ പുറത്താവാതെ നിന്നു. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ 202 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്ക 229 റണ്‍സാണ് എടുത്തത്.