തീരസംരക്ഷണത്തില്‍ ശാശ്വത പരിഹാരമെന്ന് റോഷി അഗസ്റ്റിന്‍; ഒന്നര വര്‍ഷത്തിനുള്ളില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കും

കേരളത്തിലെ തീരപ്രദേശത്തെ കടലാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പു നല്‍കി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ആദ്യഘട്ടത്തില്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ തേടും. ഒന്നര വര്‍ഷത്തിനുള്ളില്‍ വലിയ തുറ പോലുള്ള പ്രദേശങ്ങള്‍ കടല്‍ ഭിത്തി നിര്‍മ്മിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ (എന്‍.സി.സി.ആര്‍) റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 60 കിലോമീറ്റര്‍ തീരപ്രദേശത്ത് സംരക്ഷണം ആവശ്യമുണ്ട്. എന്‍.സി.സി.ആറുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇത് പ്രകാരം സംരക്ഷണം വേണ്ട രീതി നിശ്ചയിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. അഞ്ചു വര്‍ഷത്തിനുള്ളില്‍ 5,400 കോടി രൂപ ചിലവഴിച്ച് പദ്ധതി പൂര്‍ത്തീകരിക്കും. ഇതിനായി 1,500 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.