പദ്ധതി അംഗീകരിക്കുന്നതിന് മുമ്പ് ഡിപിആര്‍ പുറത്ത് വിടാനാവില്ല; ഇ. ശ്രീധരന്റെ പ്രസ്താവന അടിസ്ഥാനരഹിതം: കെ-റെയില്‍ എംഡി

സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിക്കെതിരെ ഇ.ശ്രീധരന്‍ ഉന്നയിച്ച ആരോപണങ്ങളെ പാടെ തള്ളി കെ റെയില്‍ എം.ഡി വി.അജിത്കുമാര്‍ രംഗത്ത്. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ശ്രീധരന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രോജക്ട് അംഗീകരിക്കുന്നതിന് മുന്‍പ് ഡിപിആര്‍ പുറത്തുവിടാനാകില്ലെന്നും ഡിഎംആര്‍സിയോ ചെന്നൈ മെട്രോയോ ഇത് പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയാണ് കെ-റെയില്‍ എന്നായിരു്‌നു ഇ.ശ്രീധരന്റെ പ്രസ്താവന. പദ്ധതി വരുന്നതോടെ ട്രാക്കിന് ചുറ്റും കെട്ടുന്ന വേലി ചൈനാ മതിലായി മാറുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റെയില്‍വേ കടന്നുപോകുന്ന പാതയില്‍ കൂടുതലും നെല്‍വയലുകളും നീര്‍ത്തടങ്ങളുമാണ്. പദ്ധതി വന്നാല്‍ അത് ജലാശയങ്ങളുടെ സുഗമമായ ഒഴുക്കിന് തടസമാകും. മേല്‍പ്പാലങ്ങളിലൂടെയോ ഭൂഗര്‍ഭ പാതയിലൂടെയോ ഉള്ള പദ്ധതിയാണ് അഭികാമ്യമെന്നും മെട്രോമാന്‍ അഭിപ്രായപ്പെട്ടു.

അതേസമയം; നാടിനാവശ്യമുള്ള പദ്ധതികള്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ വ്യക്തമാക്കി.