നടിയെ ആക്രമിച്ച കേസ്; സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ സിജെഎം കോടതിയുടെ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുക്കാന്‍ അനുമതി നല്‍കി എറണാകുളം സി.ജെ.എം. കോടതി. അടുത്ത ദിവസം തന്നെ മജിസ്‌ട്രേറ്റ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തും.

ദിലീപിനെതിരെയുള്ള ബാലചന്ദ്രകുമാറിന്റെ ഗുരുതരമായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പോലീസ് കേസില്‍ തുടരന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം അന്വേഷണസംഘം ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ സംവിധായകന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും പോലീസ് സംഘം കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നതായും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.