പുരാവസ്തു തട്ടിപ്പ് കേസ്; ഐ ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ പുനഃപരിശോധിക്കാൻ തീരുമാനം

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ സഹായിച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്ത ഐ ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ പുനഃപരിശോധിക്കാൻ തീരുമാനം. ഇതിനായി ചീഫ് സെക്രട്ടറിതല സമിതിയെ സർക്കാർ നിയോഗിച്ചു. കേസിൽ ലക്ഷ്മണയെ പ്രതി ചേർക്കാൻ വേണ്ട തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് സർക്കാരിന് സമർപ്പിക്കുകയും ചെയ്തു.

തുടർന്നാണ് ലക്ഷ്മണയുടെ സസ്പെൻഷൻ പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എന്നാൽ സസ്പെൻഷൻ പുനഃപരിശോധനയുടെ ഉത്തരവിലും അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്. ഗോകുലത്ത് ലക്ഷ്മൺ എന്ന് പേര് ഉത്തരവിൽ തെറ്റിച്ചാണ് എഴുതിയിരുന്നത്. ഐപിഎസ് എന്നതിന് പകരം ഐഎഫ്എസ് എന്ന് തെറ്റിച്ചാണ് ഉത്തരവിൽ എഴുതിയിട്ടുള്ളത്. 2021 നവംബർ 10 നായിരുന്നു മോൺസൺ കേസുമായി ബന്ധപ്പെട്ട് ഐജി ലക്ഷ്മണയെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.