കോഴിക്കോട്: പൊലീസിനെതിരെ വിമർശനവുമായി എഐവൈഎഫ്. കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ കേരളാ പൊലീസ് മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് പൊലീസിനെതിരെ വിമർശനവുമായി എഐവൈഎഫ് രംഗത്തെത്തിയത്. പൊലീസിൽ ക്രിമിനലുകൾ വർധിച്ചുവെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ് മോൻ ആരോപിച്ചു.
പൊലീസ് അതിക്രമങ്ങൾ ഇടതുമുന്നണിയുടെ പൊലീസ് നയത്തിന്റെ ശോഭ കെടുത്തിയെന്നും ഇപ്പോഴത്തെ സംഭവങ്ങൾ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മാവേലി എക്‌സ്പ്രസിൽ വെച്ചാണ് പൊലീസ് യാത്രക്കാരനെ മർദ്ദിച്ചത്. ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ എഎസ്‌ഐ പ്രമോദ് ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടുകയായിരുന്നു.
സ്ലീപ്പർ കമ്പാർട്ട്‌മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരൻ മറുപടി നൽകുകയായിരുന്നു. ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെടുകയും ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് എഎസ്ഐ ബൂട്ട് ഉപയോഗിച്ച് ചവിട്ടിയത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. മാവേലി എക്‌സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു പൊലീസിന്റെ ക്രൂരത അരങ്ങേറിയത്.
അതേസമയം സ്ത്രീകളായ യാത്രക്കാരോട് ഇയാൾ മോശമായി പെരുമാറിയെന്നും അതിനു ടിടിഇയോട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രെയിനിൽ എത്തിയതെന്നുമാണ് പൊലീസിന്റെ വിശദീകരണം. മർദ്ദന ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ എസ്പി ഇളങ്കോ അന്വേഷണത്തിന് ഉത്തരവിട്ടു.

