ചടങ്ങുകള്‍ പിടിയുടെ അന്ത്യാഭിലാഷപ്രകാരം; ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഇടുക്കി രൂപത

കൊച്ചി: കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസിന്റെ മരണാനന്തരം ചിതാഭസ്മം അടക്കം ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഇടുക്കി രൂപതാ മുഖ്യവികാരി ജനറല്‍. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കുണ്ട് എന്നാണ് ആദ്യത്തെ പ്രധാന നിര്‍ദ്ദേശം. ദേവാലയവും ദേവാലയ പരിസരവും സെമിത്തേരിയും പരിപാവനമായിട്ടാണ് സഭ കാണുന്നതെന്ന് വ്യക്തമാക്കി.

സഭയുടെ ഔദ്യോഗികമായുള്ള ചടങ്ങുകളോടെയല്ലെങ്കിലും, പ്രാര്‍ഥനാപൂര്‍വമായ നിശബ്ദത ഉണ്ടായിരിക്കണം. മുദ്രാവാക്യം വിളികള്‍ ഒഴിവാക്കണം. ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള ഒരു സമീപനം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണം തുടങ്ങിയ മൂന്ന് നിര്‍ദേശങ്ങളാണ് ഇടുക്കി രൂപത മുഖ്യ വികാരി ജനറല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്ന പി.ടി.യുടെ അന്ത്യാഭിലാഷം അദ്ദേഹത്തിന്റെ മരണശേഷം ഉറ്റസുഹൃത്തായ ഡിജോ കാപ്പനാണ് വെളിപ്പെടുത്തിയത്. അതിനാല്‍ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരമാണ് ചടങ്ങുകള്‍ നടത്തുന്നത്. ക്രൈസ്തവ സഭയുടെ വിശ്വാസപ്രകാരമുള്ള ചടങ്ങുകളും ഉണ്ടായിരിക്കില്ല.