കെ റെയിൽ പദ്ധതിക്കെതിരെയുള്ള പ്രചാരണങ്ങൾക്ക് തടയിടാൻ വിശദീകരണ യോഗങ്ങൾ നടത്താനൊരുങ്ങി സിപിഎം

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെയുള്ള പ്രചാരണങ്ങൾക്ക് തടയിടാൻ വിശദീകരണ യോഗങ്ങൾ നടത്താനൊരുങ്ങി സിപിഎം. ജനങ്ങളുടെ പിന്തുണ നേടാനായി വിശദീകരണ യോഗങ്ങളിൽ സംസാരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടിറക്കാനാണ് പാർട്ടിയുടെ തീരുമാനം. പദ്ധതിയിലൂടെ സംസ്ഥാനത്ത് ഉണ്ടാക്കുന്ന വികസന നേട്ടങ്ങളെ കുറിച്ച് അദ്ദേഹം ജനങ്ങളോട് സംസാരിക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്താണ് യോഗം സംഘടിപ്പിക്കുന്നത്.

ജനുവരി നാലിനു രാവിലെ 11 ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് യോഗം. ജില്ലാ തലങ്ങളിൽ ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് വിവരം.

കാസർകോഡ് നിന്നു തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന അർധ അതിവേഗ റെയിൽ പദ്ധതിയാണു കെ റെയിലിലൂടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്. 529.45 കിലോമീറ്ററാണ് പാതയുടെ ആകെ നീളം. കൊച്ചി എയർപോർട്ടിലേതടക്കം 11 സ്റ്റേഷനുകളാകും അർധ അതിവേഗ പാതയിൽ ഉണ്ടാകുക. കേരളത്തിന്റെ വ്യവസായ, സാങ്കേതിക, ടൂറിസം തുടങ്ങി സമസ്ത മേഖലകളിലും വിപ്ലവകരമായ മാറ്റം കെ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.