അന്തരീക്ഷ മലിനീകരണതോത് ഉയരുന്നു; കേരളവും ഡല്‍ഹിക്ക് സമാനമാവുമോ?;

തിരുവനന്തപുരം: ഗതാഗതക്കുരുക്കിനും അന്തരീക്ഷ മലിനീകരണത്തിനും ഇടയാക്കുന്ന വിധത്തിലുള്ള വാഹനപ്പെരുപ്പത്തിലേക്കാണ് സംസ്ഥാനത്തെ നിരത്തുകള്‍ നീങ്ങുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1.56 കോടി വാഹനങ്ങളാണ് മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിലൂടെ ഓടുന്നത്. 2021-ല്‍ മാത്രം സംസ്ഥാനത്തെ നിരത്തുകളിലേക്ക് 7.64 ലക്ഷം പുതിയ വാഹനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. കൊവിഡിനിടയിലും 19.39 ശതമാനം വര്‍ധനയുണ്ട്. എന്നാല്‍, ഇതില്‍ 5.14 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്.

അതേസമയം, വാഹനങ്ങള്‍ വഴിയുള്ള അന്തരീക്ഷ മലിനീകരണവും കേരളത്തില്‍ വര്‍ധിച്ച് വരികയാണ്. ചരക്കുലോറി ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ 515 ഗ്രാം കാര്‍ബണ്‍ ഡയോക്‌സെഡും, 3.6 ഗ്രാം കാര്‍ബണ്‍മോണോക്‌സൈഡും പുറംതള്ളുന്നുണ്ട്. ഇങ്ങനെ തുടരുകയാണെങ്കില്‍ കേരളവും ഡല്‍ഹിക്ക് സമാനമായ അന്തരീക്ഷ മലിനീകരണത്തിലേക്ക് നീങ്ങുമെന്ന സൂചനയാണിത്. പൊതുഗതാഗത സംവിധാനങ്ങളുടെ കുറവാണ് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്.

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ജേണല്‍ ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയിയുടെ പഠനറിപ്പോര്‍ട്ട്

(തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് 2010-2018 കാലയളവില്‍ നടത്തിയ പഠനം)

2010-ല്‍ ഒരു കിലോമീറ്ററിനുള്ളില്‍ 865 ഗ്രാം കാര്‍ബണ്‍ മോണോക്‌സൈഡ്.
2018-ല്‍ അത് 1727 ഗ്രാമായി.
2030-ല്‍ 3200 ഗ്രാമായും, 2040-ല്‍ 4400 ഗ്രാമായും വര്‍ധിക്കും. ഇതേരീതിയില്‍ മറ്റു വാതകങ്ങളിലും വര്‍ധനയുണ്ടാകും.
ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ വഴിയുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പഠനമാരംഭിച്ചിട്ടുണ്ട്.