കേരള പോലീസിന്റെ കണ്ണില്ലാത്ത ക്രൂരത; ടിക്കറ്റില്ലെന്നാരോപിച്ച് മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി എഎസ്‌ഐ

കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ വെച്ച് യാത്രക്കാരനെ മര്‍ദ്ദിച്ച് കേരള പോലീസിന്റെ കണ്ണില്ലാത്ത ക്രൂരത. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ എഎസ്ഐ പ്രമോദ് ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടുകയായിരുന്നു.

സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നല്‍കുകയായിരുന്നു. ടിക്കറ്റ് എടുക്കാന്‍ പോലീസുകാരന്‍ ആവശ്യപ്പെടുകയും ഇതനുസരിച്ച് ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് എഎസ്‌ഐ ബൂട്ട് ഉപയോഗിച്ച് ചവിട്ടിയത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു. മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടപ്പോഴാണ് സംഭവമുണ്ടായത്.

എന്നാല്‍, സ്ത്രീകളായ യാത്രക്കാരോട് ഇയാള്‍ മോശമായി പെരുമാറിയെന്നും അതിനു ടിടിഇയോട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ട്രെയിനില്‍ എത്തിയതെന്നുമാണ് വിശദീകരണം. മര്‍ദ്ദന ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ എസ്പി ഇളങ്കോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.