ഒമിക്രോണ്‍ സമൂഹവ്യാപനമില്ല; കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ നടപടികള്‍ നാളെ മുതല്‍:മന്ത്രി വീണാ ജോര്‍ജ്‌

പത്തനംതിട്ട: സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കൊവിന്‍ പോര്‍ട്ടല്‍ വഴി ഇന്നലെ വൈകിട്ട് മൂന്ന് മണി മുതല്‍ ആരംഭിച്ചു. വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തിരിച്ചറിയാന്‍ കവാടത്തില്‍ പിങ്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും.

മുതിര്‍ന്നവര്‍ക്കുള്ള കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം ജനുവരി 10 മുതല്‍ ആരംഭിക്കും. രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്‌പോര്‍ട്ട് രജിസ്‌ട്രേഷനും ഉണ്ടാകും. കൗമാരക്കാര്‍ക്ക് എന്തെങ്കിലും കാരണത്താല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ നേരിട്ടെത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനെടുക്കാനുള്ള അവസരമുണ്ടാകും.

വാക്‌സിന്‍ രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടാത്ത കുട്ടികളുടെ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടുവെന്നും ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.