അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിലെ സംവരണ മാനദണ്ഡങ്ങളില്‍ മാറ്റമില്ലെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സാമ്പത്തിക സംവരണവും 27 ശതമാനം ഒബിസി സംവരണവും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഈ മാസം 6ന് പരിഗണിക്കാനിരിക്കെയാണ് സംവരണ മാനദണ്ഡങ്ങളില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
അതേസമയം, എട്ടുലക്ഷം രൂപയെന്ന വാര്‍ഷിക വരുമാന പരിധി തുടരും.മാനദണ്ഡങ്ങളില്‍ മാറ്റം വേണ്ടെന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടും കേന്ദ്രം കോടതിയില്‍ കൈമാറി. അഞ്ചേക്കറോ അതില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങളിലെ അംഗങ്ങളെ സാമ്പത്തിക സംവരണത്തില്‍ നിന്ന് ഒഴിവാക്കാമെന്ന് സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഈ ഭേഗതി അടുത്ത അധ്യയന വര്‍ഷം നടപ്പാക്കാനാണ് സമിതിയുടെ ശുപാര്‍ശയെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ വിദ്യാഭ്യാസ സംവരണമനുസരിച്ച് ഈഴവ-തിയ്യ-ബില്ലവ വിഭാഗത്തിന് 3 ശതമാനം, മുസ്ലിം വിഭാഗത്തിന് 2 ശതമാനം, മറ്റ് പിന്നാക്ക ഹിന്ദു വിഭാഗത്തിന് 1 ശതമാനം, ലത്തീന്‍ കത്തോലിക്ക, എസ്‌ഐയുസി- 1 ശതമാനം, മറ്റ് പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് 1, കുടുംബി വിഭാഗത്തിന് 1 എന്നിങ്ങനെ ആകെ 9 ശതമാനമാണ് മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള സംവരണം. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ് ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്കാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

