കൊച്ചി: രാഷ്ട്രപതിയ്ക്ക് ഡിലിറ്റ് നൽകുന്ന വിഷയത്തിൽ ഉയർന്ന വിവാദങ്ങളിൽ രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുതിർന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാൽ താനും കെ.പി.സി.സി. പ്രസിഡന്റും പറയുന്നതാണ് പാർട്ടി നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഡി ലിറ്റ് വിഷയത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
വിഷയത്തിൽ ഏകീകൃതമായ അഭിപ്രായം താൻ പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റും അതുതന്നെ പറഞ്ഞിട്ടുണ്ട്. അതാണ് കോൺഗ്രസിന്റെ അഭിപ്രായമെന്ന് അദ്ദേഹം വിശദമാക്കി. രമേശ് ചെന്നിത്തല മുൻ പ്രതിപക്ഷ നേതാവും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളുമാണ്. ഈ വിഷയത്തിൽ അദ്ദേഹം അഭിപ്രായം പറയാൻ പാടില്ലെന്ന് താൻ പറയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിലിറ്റ് വിഷയത്തിൽ കോൺഗ്രസിലെ നേതാക്കളുമായി ചർച്ച ചെയ്താണ് അഭിപ്രായം പറഞ്ഞത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ട് അഭിപ്രായം പറഞ്ഞിട്ടില്ല. ഇതുവരെ ഒരു കാര്യത്തിലും രണ്ടപ്രായം പറഞ്ഞിട്ടില്ല. കൂടിയാലോചന നടത്തി ഒറ്റ അഭിപ്രായമേ പറയാറുള്ളൂയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

