ഡീലിറ്റ്; അജ്ഞതയുടെ അടിസ്ഥാനത്തിലുള്ള പ്രസ്താവനകളോട് പ്രതികരിക്കാനില്ല: ഗവര്‍ണര്‍

തിരുവനന്തപുരം: ഡീലിറ്റ് വിഷയത്തില്‍ പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞെന്നും, ഇനി പുതുതായി ഒന്നും പറയാനില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ ഓഫീസ് ചര്‍ച്ചാ വിഷയമാക്കരുതെന്നും, എല്ലാവരും ഭരണഘടനയും, നിയമവും മനസിലാക്കി പ്രതികരിക്കണമെന്നും അദ്ദേഹം പറഞഅഞു. അജ്ഞതയുടെ അടിസ്ഥാനത്തിലുള്ള പ്രസ്താവനകളോട് പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഡിസംബര്‍ ആദ്യമാണ് വൈസ്ചാന്‍സലറെ ഗവര്‍ണര്‍ രാജ്ഭവനില്‍ വിളിച്ചുവരുത്തി രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. സിന്‍ഡിക്കേറ്റ് വിളിച്ച് ഉടന്‍ അംഗീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ സന്നദ്ധമാണെന്ന് ഗവര്‍ണര്‍ രാഷ്ട്രപതി ഭവനെ അറിയിച്ചു. ഡിസംബര്‍ അവസാനം കേരളത്തിലെത്തുമ്പോള്‍ തിരുവനന്തപുരത്തെത്താനും സെനറ്റ് ഹാളിലെ പ്രൗഢഗംഭീര ചടങ്ങില്‍ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പരിപാടി ഉള്‍പ്പെടുത്താനും ശുപാര്‍ശ ചെയ്തു. ഇതുപ്രകാരം രാഷ്ട്രപതിയുടെ യാത്ര പുനഃക്രമീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വൈസ് ചാന്‍സലര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നുവെന്നാണ് ആരോപണം.