ന്യൂഡൽഹി: ആറായിരത്തോളം എൻ.ജി.ഒകളുടെയും മറ്റ് സംഘടകളുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസിന്റെ കാലാവധി ശനിയാഴ്ച്ചയോടെ അവസാനിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ നിയമ ക്രമങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന എൻ.ജി.ഒകളെ കർശനമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയം നിയമം ശക്തമാക്കിയതോടെയാണ് നടപടി. ഇതിന്റെ ഭാഗമായി 6000 ത്തിലധികം സർക്കാരിതര സന്നദ്ധ സംഘടനകൾക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി നഷ്ടമായി.
2021 ഡിസംബർ 31 വരെ മാത്രമെ ഇവയ്ക്ക് പ്രവർത്ത അനുമതി ഉണ്ടായിരുന്നുള്ളൂവെന്നും നടപടികൾ പേടിച്ച് ഭൂരിഭാഗം എൻ.ജി.ഒകളും എഫ്.സി.ആർ.എ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈസൻസ് കാലാവധി കഴിയുന്ന കാര്യം കാണിച്ച് ഈ സംഘടകൾക്ക് കത്തയച്ചിട്ടുണ്ടെന്നും എങ്കിലും പല സംഘടനകളും അപേക്ഷിക്കാൻ തയ്യാറായിട്ടില്ല. ഒക്‌സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ എഫ്.സി.ആർ.എ ലൈസൻസ് കഴിഞ്ഞ മാസങ്ങളിൽ കാലാവധി കഴിഞ്ഞിരുന്നു. ഇന്നത്തോടെ ഇവർക്കെല്ലാം ലൈസൻസ് നഷ്ടമാകും. ട്ഊബർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ദിരാ ഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സ്, ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്റർ എന്നീ എൻ.ജി.ഒകളും ലൈസൻസ് നഷ്ടപ്പെടുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം ഒക്‌സ്ഫാം ഇന്ത്യ ഉൾപ്പടെ ഉള്ളവയ്ക്ക് എഫ്.സി.ആർ.എ ലൈസൻസ് നഷ്ടമാവുമെങ്കിലും രജിസ്‌ട്രേഷൻ നഷ്ടമാകില്ല.
ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ടിന് കീഴിൽ 22,762 എൻ.ജി.ഒകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 16,829 എൻ.ജി.ഒകളുടെ എഫ്.സി.ആർ.എ ലൈസൻസ് സർക്കാർ പുതുക്കി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നിഷ്‌കർഷിച്ച ചില മാനദണ്ഡങ്ങൾ പാലിച്ച സന്നദ്ധ സംഘടനകൾക്കാണ് 2022 മാർച്ച് 31 വരെ വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകിയിട്ടുള്ളത്. അപേക്ഷ നൽകിയ 22,762 എൻ.ജി.ഒകളിൽ 6500 സംഘടനകളുടെ അപേക്ഷകളിൽ മാത്രമാണ് കേന്ദ്ര സർക്കാർ തുടർ നടപടി സ്വീകരിച്ചത്. 2020 സെപ്റ്റംബർ 29 നും 2022 മാർച്ച് 31 നുമിടയിൽ എഫ്.സി.ആർ.എ രജിസ്‌ട്രേഷ!െന്റ കാലാവധി തീരുന്നവയും അവ പുതുക്കാനായി അപേക്ഷ സമർപ്പിക്കുകയും ചെയ്ത എൻ.ജി.ഒകൾക്കാണ് മാർച്ച് 31 വരെ കാലാവധി ദീർഘിപ്പിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി.

