തിരുവനന്തപുരം: കോവളത്ത് ന്യൂ ഇയർ ആഘോഷിക്കുന്നതിന് വേണ്ടി ബെവ്‌കോയിൽ നിന്ന് മദ്യം വാങ്ങി വന്ന വിദേശപൗരനോട് മദ്യം ഒഴുക്കികളയാൻ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. പോലീസ് നടപടി ഒറ്റപ്പെട്ട സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്ത് പോലീസ് കാര്യക്ഷമമായി തന്നെയാണ് പ്രവർത്തിക്കുന്നത്. പോലീസിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന വിദേശപൗരൻ തന്നെ കാണാൻ വന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ പൗരൻ പോലും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് സമ്മതിച്ചു. എന്നാൽ നാട്ടുകാരും മാദ്ധ്യമങ്ങളുമാണ് ഇതിനെ ഒരു വലിയ അതിക്രമം എന്ന രീതിയിൽ ചിത്രീകരിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശിവൻകുട്ടി അറിയിച്ചു. സംഭവത്തിൽ പോലീസ് നടപടിയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച് കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ അള്ള് വച്ച് പരാജയപ്പെടുത്താൻ പൊലീസിലെ തന്നെ ചിലർ ശ്രമിക്കുന്നുണ്ടെന്നായിരുന്നു റിയാസിന്റെ പരാമർശം.
സ്റ്റിഗ്ഗ് സ്റ്റീഫൻ ആസ്‌ബെർഗ് എന്ന സ്വീഡിഷ് പൗരനാണ് ഇന്നലെ കോവളം ബീച്ച് റോഡിൽ ദുരനുഭവം നേരിടേണ്ടി വന്നത്. പുതുവത്സരം അടിച്ചു പൊളിക്കാനായി മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുകയായിരുന്നു സ്റ്റീവ്. റോഡിൽ വെച്ച് സ്റ്റീവിനെ പോലീസ് തടഞ്ഞു. സ്റ്റീവിന്റെ സ്‌കൂട്ടറിൽ നിന്ന് മൂന്ന് ഫുൾ ബോട്ടിൽ മദ്യം പരിശോധനയിൽ പോലീസ് കണ്ടെത്തി. മദ്യം വാങ്ങിയ ബിൽ ഹാജരാക്കാൻ പൊലീസ് സ്റ്റീവിനോട് ആവശ്യപ്പെട്ടു. ബിവറേജിൽ നിന്ന് ബില്ല് വാങ്ങാൻ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് ഇദ്ദേഹത്തെ വിടാൻ തയ്യാറായില്ല. ഒടുവിൽ സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്തേക്ക് ഒഴുക്കി കളയുകയായരുന്നു.
കുപ്പിയടക്കം വലിച്ചെറിയാനായിരുന്നു പൊലീസ് സ്റ്റീവിനോട് പറഞ്ഞത്. എന്നാൽ സ്റ്റീവ് കുപ്പി കളയതെ മദ്യം മാത്രം അദ്ദേഹം ഒഴിച്ചു കളഞ്ഞു. ആരോ സംഭവം മൊബൈലിൽ പകർത്തുന്നെന്ന് കണ്ടപ്പോൾ ബിൽ വാങ്ങിവന്നാൽ മതി മദ്യം കളയണ്ടെന്ന് പോലീസ് പറഞ്ഞു. മദ്യം കളഞ്ഞ ശേഷം കുപ്പി സ്റ്റീവ് സൂക്ഷിച്ചു വെയ്ക്കുകയും ചെയ്തു.

