കാലാവസ്ഥാ വ്യതിയാനം പ്രവചിക്കാനായില്ല; ഐഎംസിയെ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് അമിത്ഷാക്ക് സ്റ്റാലിന്റെ കത്ത്

ചെന്നൈ: ഐ.എം.ഡിയുടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ചും ചെന്നൈയിലെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ സെന്ററിനെ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അമിത്ഷാക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

ദുരന്ത സാഹചര്യങ്ങള്‍ക്കു വേണ്ടി തയ്യാറെടുക്കാന്‍ ചെന്നൈ ഐ.എം.സിയില്‍നിന്നുള്ള മുന്നറിയിപ്പുകളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍, തയ്യാറെടുപ്പുകള്‍ക്ക് ആവശ്യമായ സമയം നല്‍കി, റെഡ് അലേര്‍ട്ട് സാഹചര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ ഐ.എം.സി. ചെന്നെ പര്യാപ്തമല്ലെന്നാണ് മനസ്സിലാകുന്നതെന്ന് സ്റ്റാലിന്‍ കത്തില്‍ പറയുന്നു.

ഡിസംബര്‍ 30, 31 തിയ്യതികളില്‍ ചെന്നൈയിലുണ്ടായ കനത്ത മഴയുടെയും നാശ നഷ്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് സ്റ്റാലിന്‍ കത്തയച്ചിരിക്കുന്നത്. ഹൈ അലേര്‍ട്ട് സാഹചര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനും അക്കാര്യം സംസ്ഥാന സര്‍ക്കാരിനെ കൃത്യസമയത്ത് അറിയിക്കാനും ആവശ്യമായ ശേഷിയിലേക്ക് ചെന്നൈ ഐ.എം.സിയെ ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നാണ് കേന്ദ്രത്തോട് സ്റ്റാലിന്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.