‘തെരുവ് ഗുണ്ടയോട് പെരുമാറുന്ന പോലെ ഒരു വിദേശിയോട് പെരുമാറേണ്ട ആവശ്യം പോലീസിനില്ല’; സന്തോഷ് ജോര്‍ജ് കുളങ്ങര

തിരുവനന്തപുരം: കോവളത്ത് വിദേശിയെ പോലീസ് അവഹേളിച്ചതില്‍ വിമര്‍ശനവുമായി സന്തോഷ് ജോര്‍ജ് കുളങ്ങര. ഒരു തെരുവുഗുണ്ടയോടോ ആഭാസത്തരം കാണിക്കുന്ന ആളോടോ പെരുമാറുന്ന പോലെ പോലീസ് ഒരു വിദേശിയോട് പെരുമാറേണ്ട ആവശ്യമില്ലെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

‘ടൂറിസ്റ്റുകളോടും പ്രത്യേകിച്ച് വിദേശത്ത് നിന്ന് വന്ന ആളുകളോടും കുറച്ചുകൂടി സെന്‍സിബിളായി പെരുമാറണമെന്നാണ് എന്റെ അഭിപ്രായം. സെന്‍സിബിള്‍ എന്ന പറഞ്ഞാല്‍ നിയമം നടപ്പാക്കുമ്പോള്‍ വളരെ പ്രാകൃതമായും റൂഡായിട്ടും നടപ്പാക്കുകയും ചെയ്യാം. കുറച്ച് കൂടി ഡിപ്ലോമാറ്റിക് ആയി നടപ്പിലാക്കുകയും ചെയ്യാം. ഒരു തെരുവുഗുണ്ടയോടോ ആഭാസത്തരം കാണിക്കുന്ന ആളോടോ പെരുമാറുന്ന പോലെ തന്നെ പൊലീസ് ഒരു വിദേശിയോട് പെരുമാറേണ്ട ആവശ്യമില്ല. കാരണം അവര്‍ കുറച്ചു കൂടി സിവിലൈസ്ഡ് ആയിട്ടുള്ള ഒരു സമൂഹത്തില്‍ നിന്ന് വരുന്നവരും നമ്മുടെ ഒരു അതിഥി എന്ന് വേണമെങ്കില്‍ വിളിക്കാവുന്ന ആളുകളുമാണ്. നമ്മുടെ വീട്ടില്‍ അംഗങ്ങളോട് പെരുമാറുന്ന പോലെ ആയിരിക്കുകയില്ലല്ലോ വീട്ടിലൊരു അതിഥി വന്നാല്‍ പെരുമാറുന്നത് അതിഥിയായെത്തുന്ന കുട്ടി ചെറിയൊരു കുസൃതി കാണിച്ചാല്‍ പോലും നമ്മുടെ മക്കളോട് പെരുമാറുന്ന അതേ കടുപ്പത്തില്‍ പെരുമാറാറില്ല. ഇതൊക്കെ നമ്മുടെ മര്യാദയുടെ കൂടെ ഭാഗമാണ്.’- സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മൂന്ന് ഫുള്‍ബോട്ടില്‍ മദ്യവുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരികയായിരുന്ന സ്വീഡിഷ് പൗരനായ സ്റ്റീവിനെ പോലീസ് തടയുകയായിരുന്നു. സ്റ്റീവിന്റെ സ്‌കൂട്ടറില്‍നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെത്തുകയും മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ സ്റ്റീവിനോട് ആവശ്യപ്പെടുകയും ചെയ്തു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് പറഞ്ഞെങ്കിലും പോലീസ് വിട്ടില്ല. ഇതിനെ തുടര്‍ന്ന് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ബോട്ടിലുകളും പൊട്ടിച്ച് മദ്യം പുറത്ത് കളയുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിനുണ്ടാക്കുന്ന നഷ്ടം വളരെ വലുതാണെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്‌കോമിനോട് പറഞ്ഞു.