കെ-റെയില്‍ ജനവിരുദ്ധം; പദ്ധതി അതിസമ്പന്നര്‍ക്ക് വേണ്ടി മാത്രമെന്ന് വി.ഡി സതീശന്‍

കൊച്ചി: സമ്പന്നര്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണ് കെ-റെയിലെന്നും, ഡിപിആറിന്റെ ചില പേജുകള്‍ മാത്രം പുറത്തുവന്നപ്പോ തന്നെ പദ്ധതി ജനവിരുദ്ധമെന്ന് വ്യക്തമായെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ഇത് കേരളത്തെ കടക്കെണിയിലാക്കുമെന്നും സതീശന്‍ പറഞ്ഞു.

‘ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം, നാഷനല്‍ ഹൈവേ വികസിപ്പിക്കരുത് അഥവാ വികസിപ്പിച്ചാലും ടോളിലെ തുക വര്‍ധിപ്പിക്കണം, മൂന്നാം ക്ലാസ്, സെക്കന്‍ഡ് ക്ലാസ് എസി എന്നിവയിലെ തുക വര്‍ധിപ്പിക്കണം ഇതെല്ലാം ചെയ്തെങ്കില്‍ മാത്രമേ സില്‍വര്‍ ലൈനില്‍ ആളു കയറുകയുള്ളൂ എന്നാണ് ഇപ്പോള്‍ പുറത്തുവിട്ട ഡിപിആറില്‍ പറയുന്നത്. ഇതുപോലൊരു പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ കമ്യൂണിസ്റ്റുകാരെന്ന് പറഞ്ഞ് അഭിമാനിച്ചു നടക്കുന്ന ഈ സര്‍ക്കാരിന് കഴിയുമോ?, അദ്ദേഹം ചോദിക്കുന്നു.

വി. ഡി സതീശന്റെ വാക്കുകള്‍:

സില്‍വര്‍ ലൈന്‍ എത്രമാത്രം ജനവിരുദ്ധ പദ്ധതിയാണെന്ന് വിശദ പദ്ധതി രേഖയുടെ ചില പേജുകള്‍ പുറത്തുവന്നപ്പോള്‍ വ്യക്തമായിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ ലാഭകരമാക്കണമെങ്കില്‍ കേരളത്തിലെ ദേശീയ പാതകളൊന്നും വികസിപ്പിക്കരുതെന്നാണ് ഡി.പി.ആറില്‍ പറയുന്നത്. സാധാരണ ട്രെയിനുകളിലെ സെക്കന്‍ഡ് തേര്‍ഡ് ക്ലാസ് എ.സി ടിക്കറ്റ് നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ സില്‍വര്‍ ലൈന്‍ നഷ്ടത്തിലാകുമെന്നും പറയുന്നു. ബസ് ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ സില്‍വര്‍ ലൈനില്‍ ആളുണ്ടാകില്ലെന്നും റോഡുകളിലെ ടോള്‍ നിരക്കുകള്‍ കൂട്ടണമെന്നും ഡി.പി.ആറില്‍ പറയുന്നുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ വരേണ്യവര്‍ഗത്തിനു വേണ്ടി മാത്രമുള്ള പദ്ധതിയായി സില്‍വര്‍ ലൈന്‍ മാറുകയാണ്. ഇതുപോലൊരു പദ്ധതി നടപ്പാക്കാന്‍ കമ്മ്യൂണിസ്റ്റുകാരെന്നും ഇടതുപക്ഷമെന്നും അഭിമാനിച്ചു നടക്കുന്ന ഈ സര്‍ക്കാരിന് കഴിയുമോ? ഇതൊരു ജനവിരുദ്ധ പദ്ധതിയാണെന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡി.പി.ആറിന്റെ ഏതാനും പേജുകളില്‍ തന്നെ വ്യക്തമാണ്.

കേരളത്തിന്റെ തലയ്ക്കു മീതേ കടബാധ്യതയുണ്ടാക്കി വരാനിരിക്കുന്ന തലമുറയ്ക്കു പോലും കടംകൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്ന പദ്ധതിയാണിത്. ജനവിരുദ്ധമായ ഈ പദ്ധതിയുമായി എന്തിനാണ് മുന്നോട്ടു പോകുന്നത്? ഇത് ഇടതുപക്ഷമാണോ അതോ വലതുപക്ഷ സര്‍ക്കാരാണോ? ആസൂത്രണ പ്രക്രിയയില്‍ നിന്നും പ്രോജക്ടുകളിലക്ക് മാറുന്ന മോദിയുടെ അതേ വലതുപക്ഷ സമീപനമാണ് കേരളത്തിലെ സര്‍ക്കാരിനുമുള്ളത്. പ്രോജക്ട് എന്നത് ഒരു വലതുപക്ഷ ലൈനാണ്. അവിടെ അടിസ്ഥന വര്‍ഗത്തിന്റെ പ്രശ്‌നങ്ങളെ പരിഗണിക്കുന്നതേയില്ല. കോര്‍പറേറ്റ് ആഭിമുഖ്യം ഇടതു സര്‍ക്കാരിനെ പോലും സ്വാധീനിക്കുന്നുണ്ടെന്നതാണ് ഈ പദ്ധതിക്കു വേണ്ടി കാട്ടുന്ന പിടിവാശിയില്‍ നിന്നും വ്യക്തമാകുന്നത്. മുഖ്യമന്ത്രി ഓരോ ജില്ലകളിലും സമ്ബന്നന്മാരെ കാണാനാണ് എത്തുന്നത്. അവര്‍ക്കു വേണ്ടിയുള്ള ഈ പദ്ധതി കേരളത്തിന്റെ സമ്പദ് വ്യവസ്ഥ താറുമാറാക്കും.

ഇതു പോലുള്ള രഹസ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇത്രകാലവും ഡി.പി.ആര്‍ ഒളിപ്പിച്ചു വച്ചത്. ഇപ്പോള്‍ വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ഡി.പി.ആര്‍ പോളിഷ് ചെയ്ത് ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതുവരെ പുറത്തുവന്ന ഡി.പി.ആറിന്റെ ഭാഗങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ ഇതുവര പറഞ്ഞിട്ടില്ല. യഥാര്‍ഥ ഡി.പി.ആര്‍ വളച്ചൊടിച്ച് അവതരിപ്പിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്.

പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വാശിപിടിച്ചാല്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ മറുപടി. ജനങ്ങളെ ബോധവത്ക്കരിച്ച് പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ജനത്തെ പദ്ധതിയുടെ ദോഷവശങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷത്തിനും കഴിയും. ഇതു സംബന്ധിച്ച ലഘുലേഖ യു.ഡി.എഫ് അടുത്തദിവസം പുറത്തിറക്കും.

മന്ത്രിസഭയിലോ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലോ പദ്ധതിക്കെതിരെ എതിര്‍പ്പുകളുണ്ടെങ്കിലും അതു പുറത്തുപറയാന്‍ ഭയപ്പെടുന്ന കാലഘട്ടമാണിത്. സിപിഎമ്മില്‍ ഇപ്പോള്‍ എതിര്‍ ശബ്ദങ്ങളില്ല. ഉണ്ടായാല്‍ പുറത്തേക്കുള്ള വഴി കാട്ടിക്കൊടുക്കും. ജനാധിപത്യ പ്രക്രിയ തീരെ ഇല്ലാത്ത പാര്‍ട്ടിയാണ് സിപിഎം. എതിര്‍പ്പുകള്‍ മൂടിവച്ച് പാര്‍ട്ടിയിലും സര്‍ക്കാരിലും ശ്മശാന മൂകതയുണ്ടാക്കിയിരിക്കുകയാണ്. പ്രതിപക്ഷം വിമര്‍ശിച്ചാല്‍ പോലും സഹിക്കാന്‍ പറ്റാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. എതിര്‍ക്കുന്നവരെ തീവ്രവാദിയെന്നും മാവോയിസ്റ്റെന്നും വര്‍ഗീയവാദിയെന്നും മുദ്ര കുത്തും. ഇങ്ങനെയൊരു മുഖ്യമന്ത്രിയുള്ളപ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍ എങ്ങനെ വിമര്‍ശിക്കും.

നിയമസഭയില്‍ എസ്.ഡി.പി.ഐയോ ആര്‍.എസ്.എസോ ഉണ്ടായിരുന്നില്ലല്ലോ. അവിടെ രണ്ടു മണിക്കൂര്‍ സില്‍വര്‍ ലൈനിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രി യു.ഡി.എഫിന് ഇനി ക്ലാസെടുക്കാന്‍ വരേണ്ട. യു.ഡി.എഫിന് സമരം ചെയ്യണമെങ്കിലും ഒരു വര്‍ഗീയ കക്ഷികളുടെയും സഹായം ആവശ്യമില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ് ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐയുമായും കോട്ടയം നഗരസഭയില്‍ ബിജെപിയുമായും കൂട്ടുകൂടി യു.ഡി.എഫ് ഭരണത്തെ തകര്‍ക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രി ഒരേ സമയം ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും താലോലിച്ച് സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്നയാളാണ്. വര്‍ഗീയതയുടെ തൊപ്പി മറ്റാരേക്കാളും മുഖ്യമന്ത്രിക്കാണ് നന്നായി ചേരുന്നത്.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി നല്‍കേണ്ടത്. ഇത് പാര്‍ട്ടി കാര്യമല്ല. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ചോദിക്കുകയാണെങ്കില്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്താല്‍ മതി. ഇത് സംസ്ഥാനത്തിന്റെ കാര്യമാണ്. ജനങ്ങളുടെ ഉത്കണ്ഠയ്ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മഖ്യമന്ത്രിക്കുണ്ട്. ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മറുപടി നല്‍കാതെ എസ്.ഡി.പി.ഐയെന്നും ആര്‍എസ്എസ്സെന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കരുത്. കോണ്‍ഗ്രസും യു.ഡി.എഫും രണ്ടാം ഘട്ട സമരത്തിലേക്ക് പോകും. ജനവിരുദ്ധമായ ഒരു പദ്ധതി തടയാനുള്ള ശക്തി യു.ഡി.എഫിനും കോണ്‍ഗ്രസിനും ഉണ്ടോയെന്ന് ഞങ്ങള്‍ കാട്ടിക്കൊടുക്കും.

നരേന്ദ്ര മോദിയെ പോലെ വിമര്‍ശനം ഇഷ്ടപ്പെടാത്ത, അതേ പാതയില്‍ സഞ്ചരിക്കുന്നയാളാണ് മുഖ്യമന്ത്രിയും. ധിക്കാരവും ധാര്‍ഷ്ഠ്യവും അധികാരത്തിന്റെ ഹുങ്കും കൊണ്ട് സില്‍വര്‍ ലൈന്‍ നടപ്പിലാക്കാന്‍ വന്നാല്‍ ജനകീയ ശക്തികൊണ്ട് അതിനെ ചെറുത്ത് തോല്‍പ്പിക്കും. ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുക്കാനാകില്ല. അതിനു മുന്‍പ് എന്തെല്ലാം നടപടിക്രമങ്ങളുണ്ട്. സ്ഥലം ഏറ്റെടുക്കാന്‍ എന്തിനാണ് ഇത്ര ധൃതി? വിദേശ കമ്പനികളുമാണ് എന്തി ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നത്? സില്‍വര്‍ ലൈനിനു വേണ്ടി വായ്പ എടുക്കുമ്പോള്‍ എന്തെങ്കിലും നിബന്ധനകള്‍ ഉണ്ടോ? വീട്ടില്‍ ഫ്രിഡ്ജും ടി.വിയും വാങ്ങുന്നതു പോലെയല്ല സര്‍ക്കാര്‍ പദ്ധതിക്കു വേണ്ടി വിദേശ വായ്പയെടുക്കുന്നത്. പദ്ധതിയുടെ പിന്നില്‍ കൊള്ള നടത്താനാണ് ശ്രമം. അതിനാണ് അനാവശ്യ ധൃതി കാട്ടുന്നത്. പദ്ധതിക്ക് പിന്നിലെ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടു വരും.