പാലക്കാട്: സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരെ സംഘടിതമായ നീക്കമാണ് സംഘപരിവാർ രാജ്യത്ത് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഗ്രാമങ്ങളിലടക്കം വർഗീയവികാരം ശക്തിപ്പെടുത്തുകയാണ്. ക്രൈസ്തവർക്കും പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളും വർധിക്കുകയാണ്. കേരളത്തിൽ ക്രൈസ്തവ സ്നേഹവുമായി ചുറ്റിത്തിരിയുന്ന സംഘപരിവാർ രാജ്യത്തിന്റെ മറ്റിടങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ക്രിസ്മസുമായി ബന്ധപ്പെട്ട് ഒട്ടേറെ ആക്രമങ്ങളാണ് സംഘപരിവാർ അഴിച്ചുവിട്ടത്. ‘സാന്താ ക്ലോസ് മൂർദാബാദ്’ എന്ന് ആക്രോശിച്ചാണ് ആന്ധ്രയിൽ കോലം കത്തിച്ചത്. വാരണാസിയിലെ ആശുപത്രിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിനും ആക്രമണമുണ്ടായി. ഹരിയാനയിലെ അംബാലയിൽ ബ്രിട്ടീഷ് കാലത്ത് നിർമിച്ച യേശുക്രിസ്തുവിന്റെ പ്രതിമ തകർത്തു. കുരുക്ഷേത്രയിൽ ജയ് ശ്രീറാം എന്ന് അട്ടഹസിച്ചുകൊണ്ട് പള്ളിയിലെ ക്രിസ്മസ് ആഘോഷം സംഘപരിവാർ തടസ്സപ്പെടുത്തി. ഹിന്ദുക്കളെ പങ്കെടുപ്പിച്ച് ക്രിസ്മസ് ആഘോഷം നടത്തേണ്ട എന്ന് പറഞ്ഞ് ബജ്രംഗ്ദൾ ആസാമിലും ആക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മതപരിവർത്തനം നടക്കുന്നു എന്നാരോപിച്ചാണ് ഇവിടൊക്കെ അക്രമം അഴിച്ചുവിടുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴരപതിറ്റാണ്ട് പിന്നിടുമ്പോൾ രാജ്യത്തെ ക്രിസ്ത്യൻ ജനസംഖ്യ 2.3 ശതമാനമാണ്. സംഘപരിവാർ ആരോപിക്കുന്ന മതപരിവർത്തനം നടന്നിരുന്നെങ്കിൽ ഈ സംഖ്യയിൽ മാറ്റമുണ്ടായേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2015 ൽ ക്രൈസ്തവർക്കെതിരായി രാജ്യത്ത് നടത്തിയ ആക്രമണം 142 ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. 2016 ആയപ്പോൾ ക്രൈസ്തവർക്കെതിരായ ആക്രമണം 226 ആയി. 2017 ൽ ഇത് 248 ആയി. 2018 ൽ 298 ആക്രമണങ്ങളും 2019 ൽ 321 ആക്രമണങ്ങളും 2020 ൽ 271 ആക്രമണങ്ങളും 2021 ൽ 478 ആക്രമണങ്ങളും നടന്നു. ഈ വർഷം ഏറ്റവുമധികം ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തർപ്രദേശിലാണെന്നും അദ്ദേഹം അറിയിച്ചു.
മതനിരപേക്ഷതയുടെ സാമൂഹിക അന്തരീക്ഷമാണ് കേരളത്തിലുള്ളത്. ഇത്തരം ആക്രമണങ്ങൾക്ക് ശക്തമായ പ്രതിരോധമുള്ള നാടാണ കേരളം. മറ്റിടങ്ങളിൽ നടത്തുന്ന ഏർപ്പാട് ഇവിടെ നടക്കാത്തതിനാലാണ്, കുറച്ച് ലാഭമുണ്ടാക്കാൻ സ്നേഹപ്രകടനം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന എല്ലാ മൂല്യങ്ങളും തകർക്കപ്പെടുകയാണ്. സിപിഐ എം നേരത്തെ നൽകിയ മുന്നറിയിപ്പ് അക്ഷരംപ്രതി ശരിയാകുകയാണ്. ബിജെപി നയങ്ങളെ കോർപറേറ്റുകൾ പിന്താങ്ങുകയാണ്. കോർപറേറ്റുകളാണ് രാജ്യത്തെ മാദ്ധ്യമങ്ങളിൽ മഹാഭൂരിഭാഗത്തെയും നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.