ഡൽഹിയിൽ ജിഎസ്ടി കൗൺസിൽ യോഗം ആരംഭിച്ചു; ഉത്പ്പന്നങ്ങളുടെ നികുതി വർധിപ്പിക്കാനുള്ള നീക്കത്തിൽ എതിർപ്പുമായി കേരളം

ന്യൂഡൽഹി: ഡൽഹിയിൽ ജിഎസ്ടി കൗൺസിൽ യോഗം ആരംഭിച്ചു. തുണിത്തരങ്ങളുടെയും ചെരുപ്പിന്റെയും ഉൾപ്പെടെ വിവിധ ഉത്പ്പന്നങ്ങളുടെ നികുതി വർധിപ്പിക്കാനുള്ള നീക്കത്തെ കേരളം എതിർത്തു. തീരുമാനം നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാനാണ് കേരളത്തിന്റെ തീരുമാനം. തുണിത്തരങ്ങളും ചെരുപ്പും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കൂടുതൽ പഠനങ്ങളില്ലാതെ നികുതി കൂട്ടരുതെന്ന് യോഗത്തിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.

തുണിക്കും, വസ്ത്രങ്ങൾക്കും ചെരുപ്പിനും നികുതി വർദ്ധിപ്പിക്കുന്നതിനെതിരെ വ്യാപാരികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ടെന്ന് നേരത്തെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കേന്ദ്രധനമന്ത്രാലയത്തെ സംസ്ഥാനം പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനാവില്ലെന്നും ശാസ്ത്രീയമായ പഠനം നടത്തണമെന്നുമാണ് കേരളം ആവശ്യപ്പെടുന്നത്.