ക്രൈസ്തവര്‍ക്കുവേണ്ടി സംസാരിക്കാന്‍ എസ്ഡിപിഐ ആവേശം പ്രകടിപ്പിക്കുന്നത് തികഞ്ഞ വിരോധാഭാസമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പലപ്പോഴും മുഖ്യ പങ്കുവഹിച്ചിട്ടുള്ള എസ്ഡിപിഐയുടെ പ്രധാന ലക്ഷ്യം ഗൂഢമായ രാഷ്ട്രീയ മുതലെടുപ്പുകള്‍ മാത്രമാണെന്നത് വ്യക്തമാണെന്നും കെസിബിസി വ്യക്തമാക്കി.
‘പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പോലുള്ള തീവ്ര സ്വഭാവമുള്ള മത, രാഷ്ട്രീയ സംഘടനകളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്താനുള്ള ഉത്തരവാദിത്തം ക്രൈസ്തവ സമൂഹത്തിനും പൊതുസമൂഹത്തിനുമുണ്ട്. പല രീതിയില്‍ മത മൗലികവാദികളുടെയും തീവ്രവാദികളുടെയും ഭാഗത്തുനിന്നുള്ള അതിക്രമങ്ങള്‍ കേരളത്തിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നേരിട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ താല്‍ക്കാലിക നേട്ടത്തിനായി ഒരു വര്‍ഗ്ഗീയ സംഘടനയുടെയും സഹായം പ്രതീക്ഷിക്കുന്നില്ല’- കെസിബിസി ജാഗ്രതാ കമ്മീഷന്‍ വിശദീകരിച്ചു.
‘തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിനുമേല്‍ പ്രവാചക നിന്ദ എന്ന കുറ്റം ചുമത്തി പ്രാകൃതമായ കൈവെട്ട് ശിക്ഷ നടപ്പാക്കിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു എന്നുള്ളത് കേരളം മറന്നിട്ടില്ല. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന മതേതര നാമം സ്വീകരിച്ചിരിക്കുന്നതിനാല്‍ അത് ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടിയാണ് എന്ന് അനേകര്‍ തെറ്റിദ്ധരിക്കാന്‍ ഇടയായിട്ടുള്ളതായി മനസിലാക്കുന്നു. അത്തരമൊരു തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ മനപൂര്‍വ്വമായ ശ്രമങ്ങള്‍ എസ്ഡിപിഐ നേതാക്കള്‍ നടത്തുന്നുമുണ്ട്. ആ തെറ്റിദ്ധാരണയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണ്ണാടകയില്‍ എസ്ഡിപിഐക്കൊപ്പം ക്രൈസ്തവ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിനിരക്കാന്‍ ഇടയാക്കിയത്’-കെസിബിസി വ്യക്തമാക്കി.

