ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കൊഴുക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് പറന്നത് കോണ്‍ഗ്രസ് നേതാക്കളെ ആകെ വെട്ടിലാക്കി. പഞ്ചാബില്‍ ഭരണം നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് രാഹുലിന്റെ ഈ യാത്ര. ആംആദ്മിയിലേക്ക് അണികള്‍ ഒഴുകുമെന്നാണ് കോണ്‍ഗ്രസിന്റെ ഭയം. എന്നാല്‍, പഞ്ചാബിലെ റാലിക്ക് മുമ്പ് രാഹുല്‍ മടങ്ങിയെത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഇത്രയും വ്യക്തിപരമായ എന്തു സാഹചര്യമാണ് രാഹുലിന് ഇറ്റലിയിലുള്ളതെന്നാണ് കോണ്‍ഗ്രസുകാരുടേയും ചോദ്യം.
രാഹുലിന്റെ ഇറ്റലി യാത്രകള്‍ മുമ്പും കോണ്‍ഗ്രസിന് തലവേദനയായി മാറിയിരുന്നു. എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസ് രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ ഈ യാത്ര പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചകള്‍ക്ക് കാരണമാകും. അതേസമയം, പഞ്ചാബില്‍ ബിജെപിയുടെ പ്രചാരണ പരിപാടികള്‍ പൊടിപൊടിക്കുകയാണ്. ജനുവരി അഞ്ച് മുതല്പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ ബിജെപിയുടെ റാലി നടക്കുന്നുണ്ട്.
ഇതിന് മുമ്പും നടത്തിയ യാത്രകളെ കുറിച്ച് പാര്‍ട്ടിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കാതെയാണ് പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമുള്ള രാഹുലിന്റെ യാത്ര. പഞ്ചാബില്‍ രാഹുല്‍ ഇതുവരെ ഒരു റാലിയില്‍ പോലും പങ്കെടുത്തിരുന്നില്ല. ജനുവരി മൂന്ന് മുതല്‍ പങ്കെടുക്കാം എന്നാണ് രാഹുല്‍ അറിയിച്ചിരുന്നത്. ഇത് പ്രകാരമാണ് ജനുവരി മൂന്നിന് പഞ്ചാബിലെ തിരഞ്ഞെടുപ്പ് റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യുമെന്ന് നേതൃത്വം തീരുമാനിച്ചത്. എന്നാല്‍, അതും നടക്കാത്ത അവസ്ഥയിലാണുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണെന്നിരിക്കെയാണ് രാഹുലിന്റെ ഇറ്റലി യാത്ര. എന്നാല്‍, പുതുവത്സരം ആഘോഷിക്കാനാണ് രാഹുല്‍ ഇറ്റലിയിലേക്ക് പോയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

