‘ചെയ്യുമെന്ന് പറഞ്ഞാല്‍ ചെയ്തിരിക്കും’; പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് ശരത് പവാര്‍

മുംബൈ: എന്ത് ജോലി ഏറ്റെടുത്താലും അത് പൂര്‍ത്തിയാക്കിയിരിക്കും എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേകതയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ‘അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണ്, ഒരു കാര്യം ചെയ്യുമെന്ന് അറിയിച്ചാല്‍ അദ്ദേഹം അത് ചെയ്തിരിക്കും. അതിന്റെ അന്തിമഘട്ടത്തിലെത്തുന്നത് വരെ താന്‍ നിര്‍ത്തില്ലെന്ന് അദ്ദേഹം ഉറപ്പാക്കും. അദ്ദേഹത്തിന് ഭരണത്തില്‍ നല്ല ഗ്രാഹ്യമുണ്ട്, അതാണ് അദ്ദേഹത്തിന്റെ ശക്തമായ വശമെന്ന് പവാര്‍ പറഞ്ഞു.

‘തന്റെ ഗവണ്‍മെന്റിന്റെ നയങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ ഭരണസംവിധാനത്തിനും സഹപ്രവര്‍ത്തകരേയും ഒന്നിപ്പിക്കാന്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കുന്നത് വളരെ മികച്ച രീതിയിലാണ്. തന്റെ സഹപ്രവര്‍ത്തകരെ കൂട്ടിക്കൊണ്ടു പോകുന്നതില്‍ മോദിക്ക് വ്യത്യസ്തമായ ഒരു രീതിയാണുള്ളത്, മന്‍മോഹന്‍ സിങ്ങിനെപ്പോലുള്ള മുന്‍ പ്രധാനമന്ത്രിമാരില്‍ ആ ശൈലി ഇല്ലായിരുന്നെന്നും പവാര്‍ ചൂണ്ടിക്കാട്ടി. പൂനെയില്‍ മറാത്തി ദിനപത്രമായ ‘ലോകസത്ത’ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എന്‍സിപി സഖ്യത്തിന് ബിജെപി ആഗ്രഹിച്ചിരുന്നുവെന്നും, അത് സാധ്യമല്ലെന്ന് പ്രധാനമന്ത്രിയോട് താന്‍ തുറന്നു പറഞ്ഞതായും ശരദ് പവാര്‍ വെളിപ്പെടുത്തി.