ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മഹാത്മാഗാന്ധിയെ ആക്രമിക്കാനും അദ്ദേഹത്തിന്റെ ആദർശങ്ങളെ വിമർശിക്കാനും ബിജെപി മനപ്പൂർവമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം. ഭരണ കക്ഷികളും അനുബന്ധ ഗ്രൂപ്പുകളും മഹാത്മാഗാന്ധിയുടെ ആദർശങ്ങളെ പരസ്യമായി വിമർശിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ള നേതാക്കൾ ഇതിനെ എതിർക്കുന്നില്ലെന്ന് പ്രിയങ്കഗാന്ധി കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയുടെ ആദർശങ്ങളെ എതിർക്കുന്ന അന്തരീക്ഷം മനപ്പൂർവ്വം സൃഷ്ടിക്കപ്പെടുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ പ്രശംസിക്കുമ്പോഴും ഗാന്ധിയെ വിമർശിക്കുമ്പോഴും കാളീചരൺ ഉപയോഗിച്ചത് മോശം ഭാഷയാണെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം ആയതിനാലാണ് ഇയാൾ അറസ്റ്റിലായതെന്നും പ്രിയങ്ക പറഞ്ഞു. രാഷ്ട്രപിതാവായ ഗാന്ധിജിയെ അധിക്ഷേപിക്കുന്നത് പാപമാണ്. അതിനാൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

