സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന് വിട

കോഴിക്കോട്: സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

കരിനീലക്കണ്ണഴകീ, ‘കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം’, ‘നീയൊരു പുഴയായ്’, ‘എനിക്കൊരു പെണ്ണുണ്ട്’, ‘സാറേ സാറേ സാമ്പാറേ” ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. തട്ടകം, കണ്ണകി, തിളക്കം, അന്നൊരിക്കല്‍, ദൈവനാമത്തില്‍, ഏകാന്തം അടക്കം 23 ചിത്രങ്ങളുടെ സംഗീതം നിര്‍വഹിച്ചത് വിശ്വനാഥനാണ്. കണ്ണകി സിനിമയുടെ പശ്ചാത്തലസംഗീതത്തിന് 2001-ല്‍ അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. ഗാനരചയിതാവും, സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്.

1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തില്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടേയും (കണ്ണാടി ഭാഗവതര്‍), അദിതി അന്തര്‍ജ്ജനത്തിന്റെയും ഇളയ മകനായാണ് ജനനം. തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം നേടി. ഭാര്യ-ഗൗരി. മക്കള്‍:അതിഥി, നര്‍മദ, കേശവന്‍.