‘ഒരു കോടി വോട്ട് തരൂ, 50 രൂപക്ക് മദ്യം തരാം’; വാഗ്ദാനവുമായി ബിജെപി അധ്യക്ഷന്‍

വിജയവാഡ: 2024ല്‍ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ 50 രൂപയ്ക്ക് ഗുണമേന്മയുള്ള മദ്യം നല്‍കുമെന്ന വാഗ്ദാനവുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സോമു വീരരാജു. നിലവില്‍ 200 രൂപ വിലവരുന്ന മദ്യം 50 രൂപക്ക് ലഭ്യമാക്കുമെന്നാണ് ബിജെപി നേതാവ് പറയുന്നത്.

സംസ്ഥാനത്ത് ജനങ്ങള്‍ മദ്യത്തിനായി പ്രതിമാസം 12,000 രൂപ ചിലവഴിക്കുന്നുണ്ട്. ഒരു കോടി ജനങ്ങള്‍ സംസ്ഥാനത്ത് മദ്യം ഉപയോഗിക്കുന്നുണ്ട്. 2024ലെ തിരഞ്ഞെടുപ്പില്‍ ആ ഒരു കോടി ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ നിലവാരമുള്ള മദ്യം കുപ്പിയൊന്നിന് 75 രൂപയ്ക്ക് നല്‍കുമെന്നും ഇതുവഴി വരുമാനം വര്‍ധിക്കുകയാണെങ്കില്‍ കുപ്പിയൊന്നിന് 50 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്നും വീരരാജു പറഞ്ഞു. വിജയവാഡയില്‍ പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം.

സംസ്ഥാനത്ത് ജഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാര്‍ മോശം മദ്യം നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതെല്ലാം ഗുണനിലവാരമില്ലാത്ത മദ്യമാണ്. നിലവാരമുള്ള പല ബ്രാന്‍ഡ് മദ്യങ്ങളും സംസ്ഥാനത്ത് ലഭ്യമല്ലെന്നും സോമു വീരരാജു കൂട്ടിച്ചേര്‍ത്തു.