നിലമ്പൂർ: പിവി അൻവർ എംഎൽഎയ്ക്ക് വീണ്ടും തിരിച്ചടി. ഭൂപരിധി ലംഘിച്ച് ഭൂമി കൈവശം വച്ചുവെന്ന പരാതിയിൽ എംഎൽഎയ്ക്ക് നോട്ടീസ് ലഭിച്ചു. താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാനാണ് പി വി അൻവറിന് നോട്ടീസ് നൽകിയത്. നാളെ രാവിലെ 11 മണിക്ക് ഓഫീസിലെത്തണമെന്ന് നോട്ടീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ പി.വി അൻവറിന്റെ കൈയിലുളള മിച്ചഭൂമി തിരിച്ചുപിടിക്കാനുളള നടപടി ഉടൻ പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭൂമി തിരിച്ചുപിടിക്കാൻ സാവകാശം ആവശ്യപ്പെട്ട് താമരശ്ശേരി ലാൻഡ് ബോർഡ് ചെയർമാൻ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അൻവറും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന മാർച്ച് 24 ലെ ഉത്തരവിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച കാര്യങ്ങൾ അറിയിക്കാൻ നേരത്തെ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.
ആറ് മാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. കേസിൽ ഇനിയും സാവകാശം നൽകാൻ സാധിക്കില്ലെന്നും ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്ര സമയമെടുക്കുമെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

