കോഴിക്കോട് കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതി; പ്രത്യേക സമിതി രൂപീകരിക്കുമെന്ന് പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനം. ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ സമിതിയായിരിക്കും പദ്ധതിക്കായുള്ള മാർഗ്ഗരേഖ തയ്യാറാക്കുന്നത്. അടുത്ത വർഷം മെയ് മാസം പുതിയ പദ്ധതി ആരംഭിക്കും. കോഴിക്കോട് കോർപറേഷനും ടൂറിസം വകുപ്പും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്ഥിരം ഫുഡ് സ്ട്രീറ്റ് പദ്ധതിയാണിതെന്നും കോഴിക്കോട്ടെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമായ വലിയങ്ങാടി കേന്ദ്രീകരിച്ചാവും ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ഥിരം സംവിധാനമായിട്ടാണ് ഫുഡ്‌സ്ട്രീറ്റ് വിഭാവന ചെയ്തത്. ഭാവിയിൽ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.