ഒമിക്രോണ്‍: ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണം; സ്‌കൂളുകളും കോളേജുകളും അടച്ചു

ന്യൂഡല്‍ഹി: ഒമിക്രോണ്‍ പശ്ചാത്തലത്തിലും കൊവിഡ് വ്യാപനം കൂടുന്നതിനാലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിനു മുകളിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

നിയന്ത്രണങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ സ്‌കൂളുകളും കോളേജുകളും അടച്ചു. കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് തുറക്കുക. റസ്റ്റോറന്റുകളിലും മെട്രോ ട്രെയിനിലും പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് മാത്രമാണ് അനുമതി. സ്വിമിങ് പൂള്‍, ജിം, തിയേറ്റര്‍ എന്നിവ അടച്ചു. മാളുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്. വിവാഹത്തില്‍ ആളുകളുടെ പങ്കാളിത്തത്തിനും നിയന്ത്രണമുണ്ട്.

കൊവിഡ് വ്യാപനമുണ്ടെങ്കിലും കൂടുതല്‍ ഓക്സിജന്‍ ഉപയോഗമോ വെന്റിലേറ്ററിന്റെ ആവശ്യകതയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. ഡല്‍ഹി സര്‍ക്കാര്‍ മുമ്പ് ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ ആവിഷ്‌കരിച്ചിരുന്നു. യെല്ലോ അലേര്‍ട്ടാണ് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ നേരത്തെ രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു