സംസ്ഥാനത്ത് കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന് പ്രത്യേക സംവിധാനങ്ങളൊരുക്കും: മന്ത്രി വീണാ ജോര്‍ജ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിനേഷനും ബൂസ്റ്റര്‍ ഡോസിനും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കുട്ടികളുടെ വാക്സിനേഷനായി പ്രത്യേക സംവിധാനങ്ങളൊരുക്കുമെന്നും മന്ത്രി വീണാ ജോജ്ജ് വ്യക്തമാക്കി. കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് ആദ്യ ഡോസ് വാക്സിനെടുക്കാന്‍ ബാക്കിയുള്ളവരും രണ്ടാം ഡോസ് എടുക്കാന്‍ സമയം കഴിഞ്ഞവരും വാക്സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് ആദ്യമായി കൊവിഡ് വാക്സിന്‍ നല്‍കുന്നതിനാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചായിരിക്കും വാക്സിന്‍ നല്‍കുക. വാക്സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികള്‍ക്ക് കൊവാക്സിനായിരിക്കും നല്‍കുക. 15 ലക്ഷത്തോളം വരുന്ന കുട്ടികളാണ് ഈ വിഭാഗത്തില്‍ വരുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസിന് മുകളിലുള്ള അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക. രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് ബൂസ്റ്റര്‍ ഡോസിന് അനുമതി.