കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ജനുവരി 1 മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള വാക്‌സിനായി ജനുവരി 1 മുതല്‍ കൊവിന്‍ ആപ്പിലും പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ ഇല്ലെങ്കില്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാം. കൗമാരക്കാരിലെ വാക്‌സിനേഷനായി രണ്ട് വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ തീരുമാനമായെന്നും, ഇതിനായി കോവാക്‌സിനും സൈക്കോവ് ഡി യും ലഭ്യമാക്കുമെന്നും കൊവിന്‍ തലവന്‍ ആര്‍ എസ് ശര്‍മ്മ പറഞ്ഞു. പതിനഞ്ച് മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് ആണ് ജനുവരി ഒന്ന് മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. കൊച്ചു കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കരുതല്‍ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്
്‌സിന്‍ തന്നെ നല്‍കിയാല്‍ മതിയെന്നും തീരുമാനമായി. രണ്ടാം ഡോസ് കിട്ടി ഒന്‍പത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുതല്‍ ഡോസ് നല്‍കുക. അറുപത് വയസിന് മുകളിലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും കരുതല്‍ ഡോസിന് അര്‍ഹതയുണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.