കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്ത്. പുനര്‍വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്. ഇതില്‍ ഏഴുപേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, മൂന്നുപേരുടെ പുനര്‍വിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നല്‍കിയത്. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി അനുമതി നല്‍കുകയായിരുന്നു.
എന്നാല്‍, പട്ടികയിലുള്ള 16 പേരുടെയും വിസ്താരം കേസില്‍ പ്രധാനപ്പെട്ടതാണെന്ന് വാദിച്ചാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.

