ജോക്കര്‍ മാല്‍വെയര്‍ വീണ്ടും; ഈ ആപ്പുകള്‍ ഡിലീറ്റ് ചെയ്യുക

സ്മാര്‍ട്ട്ഫോണുകളിലെ ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും കേടുവരുത്താനും നശിപ്പിക്കാനും സാധിക്കുന്ന സോഫ്റ്റ്വെയറായ ജോക്കര്‍ മാല്‍വെയര്‍ വീണ്ടുമെത്തിയിരിക്കുന്നു. മൊബൈല്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് സ്ഥാപനമായ പ്രാഡിയോയുടെ അലേര്‍ട്ട് അനുസരിച്ച് ഇത്തവണ ഏകദേശം 15 പുതിയ ആന്‍ഡ്രോയിഡ് ആപ്പുകളിലാണ് ഈ മാല്‍വെയര്‍ ബാധിച്ചിട്ടുള്ളത. ഈ അപകടകാരിയായ മാല്‍വെയര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പുകളെ ബാധിക്കുന്നുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന ആപ്പുകളില്‍ ഏതെങ്കിലും ഫോണില്‍ ഉണ്ടെങ്കില്‍ അവ വേഗം ഒഴിവാക്കുക.

  1. കളര്‍ മെസേജ്
  2. സെക്യൂരിറ്റി ആപ്പ് ലോക്ക്
  3. കണ്‍വീനിയന്റ് സ്‌കാനര്‍ 2
  4. പുഷ് മെസേജ്-ടെക്സ്റ്റിംഗ്&എസ്എംഎസ്
  5. ഇമോജി വാള്‍പേപ്പര്‍
  6. സ്‌പെഷ്യല്‍ ഡോക് സ്‌കാനര്‍
  7. ഫിങ്കര്‍ടിപ്പ് ഗെയിംബോക്‌സ്

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലുള്ള സുരക്ഷിത പ്ലാറ്റ്ഫോമുകളില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന നിരവധി ആപ്പുകളെ മാല്‍വെയര്‍ അപകടകരമായി ബാധിക്കുന്നതായി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. സുരക്ഷാ പാരാമീറ്ററുകള്‍ മറികടക്കാന്‍ മാല്‍വെയര്‍ അതിന്റെ കോഡുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജോക്കര്‍ മാല്‍വെയറിന് നമ്മുടെ സ്വകാര്യ ഡാറ്റ പോലും മറ്റൊരു സെര്‍വ്വറിലേക്ക് അയക്കാന്‍ സാധിക്കും. ഇത് ഒരു ട്രോജന്‍ ആണ്. അതുകൊണ്ട് തന്നെ ഉപയോക്താവിന് യാതൊരു വിധ സൂചനയും ലഭിക്കാത്ത വിധത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രീമിയം സേവനങ്ങളിലേക്ക് ഉപയോക്താക്കളെ സൈന്‍ അപ്പ് ചെയ്യിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജോക്കര്‍ മാല്‍വെയറിന് ചെയ്യാന്‍ കഴിയും.

ഇത്തരം മാല്‍വെയറുകളെ തടയാന്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക എന്നതാണ്. ഇതിനൊപ്പം തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. എത്ര റേറ്റിങ് ഉള്ള ആപ്പാണ് റിവ്യു എങ്ങനെയാണ് ഏത് കമ്പനിയാണ് ഈ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിച്ചിരിക്കുന്നത് എന്ന കാര്യങ്ങള്‍ നോക്കിയാല്‍ തന്നെ ആപ്പുകളില്‍ മാല്‍വെയര്‍ ഉണ്ടോ എന്നത് സംബന്ധിച്ച സൂചനകള്‍ നമുക്ക് ലഭിക്കും.