ന്യൂഡല്‍ഹി: പട്ടാളത്തിന് പ്രത്യേക അവകാശം നല്‍കുന്ന നിയമമായ അഫ്‌സ്പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ നാഗാലാന്‍ഡില്‍ സമിതി രൂപീകരിക്കുമെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ അറിയിച്ചു. സമിതിക്ക് 45 ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമയം നല്‍കുന്നത്.
സൈന്യത്തിന്റെ വെടിവെപ്പിലും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും 14 സാധാരണക്കാര്‍ ഈ മാസമാദ്യം കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേകിച്ച് നാഗാലാന്‍ഡില്‍ നിന്നും അഫ്‌സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ കഴിഞ്ഞ ആഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.
വെടിവെപ്പില്‍ ഉത്തരവാദികളായ സൈനിക യൂണിറ്റിനും സൈനികര്‍ക്കുമെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ച് അമിത് ഷായുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്തതതായി നാഗാലാന്‍ഡ് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. കോര്‍ട്ട് ഓഫ് എന്‍ക്വയറിയുടെ അടിസ്ഥാനത്തിലാകും സൈനികര്‍ക്കെതിരെ നടപടിയെടുക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചു.

