കിഴക്കമ്പലത്തെ അക്രമം; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കിഴക്കമ്പലത്തുണ്ടായ അക്രമങ്ങളിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊലീസും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴുണ്ടായ അതിക്രമത്തിന്റെ പേരിൽ അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല. അതിഥി തൊഴിലാളികളെ സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഈ സംഘത്തിലെ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ക്യാംപിലുണ്ടായിരുന്ന മറ്റൊരു വിഭാഗം എല്ലാവരും ഉറങ്ങുന്ന സമയത്ത് കാരൾ നടത്തുന്നതിനെ എതിർത്തതോടെ ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായി. പിന്നീട് ഈ തർക്കം രൂക്ഷമാകുകയും സ്ഥിതിഗതികൾ വഷളാകുകയും ചെയ്തു. തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു.

എന്നാൽ സംഭവ സ്ഥലത്തേക്കെത്തിയ ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചു വിട്ടു. നാട്ടുകാരാണ് പോലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകൾ വഴി രക്ഷപ്പെടാൻ സഹായിച്ചത്. പൊലീസ് പിന്മാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിക്കുകയും ഒരു വാഹനം പൂർണമായി കത്തിക്കുകയും ചെയ്തു. രണ്ട് വാഹനങ്ങൾ അടിച്ച് തകർത്തിട്ടുമുണ്ട്.