ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആദ്യം സ്വീകരിച്ചതില്‍നിന്ന് വ്യത്യസ്തമായ വാക്‌സിനായിരിക്കും ബൂസ്റ്റര്‍ ഡോസായി നല്‍കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ പുറത്തിറക്കും.
ഇന്ത്യയില്‍ നിലവില്‍ 422 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ളത്. സംസ്ഥാനത്ത് 108 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൊട്ടുപിന്നിലുള്ള ഡല്‍ഹിയില്‍ 79 ആണ് രോഗികളുടെ എണ്ണം. ഗുജറാത്തില്‍ 43, തെലങ്കാന 41, കേരളത്തില്‍ 38 എന്നിങ്ങനെയാണ് ഒമിക്രോണ്‍ കേസുകളുടെ എണ്ണം.
അതേസമയം, ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് വേണ്ടതെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും ഒപ്പം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള 60 വയസ്സ് പിന്നിട്ടവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന കേരളം ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

