ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് ഉള്‍പ്പെട്ട അഞ്ച്പേര്‍ അറസ്റ്റില്‍. അതുൽ, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ത് എന്നിവരാണ് കേരളാ പൊലീസിന്റെ കസ്റ്റഡിയിലായത്. നേരത്തെ ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഖിലിനെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, കാര്‍ സംഘടിപ്പിച്ച് നല്‍കിയ രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പോലീസ് നേരത്തെ പിടികൂടിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ ഷാന്‍ ആക്രമിക്കപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
അതേസമയം, രഞ്ജിത് വധക്കേസിലെ പ്രതികളെ അന്വേഷിച്ച് പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക് പോവുകയാണ്. ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.