തിരുവനന്തപുരം: കേരളത്തെ പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ലോകം മുഴുവന്‍ ഉറ്റു നോക്കിയതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂര്‍ണ സാക്ഷരതയുടെ മുഖ്യശില്‍പിയുമായ പി എന്‍ പണിക്കരുടെ പ്രതിമ തിരുവനന്തപുരം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പൂജപ്പുര പാര്‍ക്കില്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
2019 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രതിമ പിറ്റേവര്‍ഷം ജനുവരിയില്‍ സ്ഥാപിച്ചെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചടങ്ങ് നീളുകയായിരുന്നു. വെങ്കലത്തില്‍ 11 അടി ഉയരവും, 1.25 ടണ്‍ ഭാരവും, പീഠത്തിന് 9 അടി ഉയരവുമുണ്ട് പ്രതിമക്ക്. കെ എസ് സിദ്ധനാണ് ശില്‍പി. 15 ലക്ഷം രൂപയാണ് പി എന്‍ പണിക്കരുടെ പ്രതിമ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.

